പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കരുതിയിരുന്ന ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് കടലാസിലൊതുങ്ങി. സങ്കുചിത താത്പര്യങ്ങളും രാഷ്ട്രീയ വടംവലിയുമാണ് പദ്ധതി യാഥാർഥ്യമാകാൻ വൈകുന്നതെന്ന് ആക്ഷേപമുയരുന്നു.
15 വർഷം പിന്നിടുന്പോഴും പദ്ധതിക്കു സർക്കാരിന് ഫണ്ടില്ല. 2011 ൽ എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ചിരുന്നു. ട്രഷറി നിക്ഷേപം സമാഹരിച്ചാണ് സ്ഥലമെടുപ്പിന് 10 കോടി അനുവദിച്ചത്.
പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ അതിവേഗം നടന്നെങ്കിലും ഭരണമാറ്റത്തോടെ മുൻഗണന അങ്ങാടിപ്പുറം മേൽപ്പാലത്തിനായി.
ഇരുപക്ഷത്തും രാഷ്ട്രീയ പരിഗണനകൾ മേൽക്കൈ നേടി. ഇതോടെ പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും വ്യാപാരികളുൾപ്പെടെ ജനം രണ്ടു തട്ടിലായി. ഇതിനിടെ റെയിൽവേയുടെ ചില തടസവാദങ്ങളും ഉയർന്നു.അങ്ങാടിപ്പുറം മേൽപ്പാലത്തിന് ആദ്യപരിഗണന വേണമെന്ന് ഒരുപക്ഷവും ബൈപാസിന് ആദ്യ പരിഗണനയെന്ന് മറുപക്ഷവും ശഠിച്ചു.
ആദ്യം അങ്ങാടിപ്പുറം ജംഗ്ഷനിൽനിന്ന് ആരംഭിക്കാനുള്ള മേൽപ്പാലം പദ്ധതിയെക്കുറിച്ച് നടന്ന ചർച്ചകളിൽ വീതി കുറഞ്ഞ റോഡിൽ സ്ഥലമെടുപ്പ് പ്രതിസന്ധിയാകുമെന്ന തിരിച്ചറിവാണ് മിനി മേൽപ്പാലം എന്ന ആശയത്തിലെത്തിയത്.
2012 ഫെബ്രുവരി 29നാണ് ബൈപാസ് റോഡിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. ചില വീടുകൾ പൂർണമായും മറ്റു ചിലത് ഭാഗികമായും നഷ്ടപ്പെടുന്ന വിധമായിരുന്നു അലൈൻമെന്റ്.
നിർദിഷ്ട പ്ലാനിന്റെ തെക്കുവശം ഒഴിഞ്ഞ സ്ഥലമാണെന്നും റോഡിന്റെ തുടക്കം മുതൽ ഒരു കിലോമീറ്റർ ഭാഗം തെക്കുവശത്തേക്കു നീക്കിയാൽ വീടുകളൊന്നും നഷ്ടപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി നിർദേശപ്രകാരം ചിലയിടങ്ങളിൽ റീസർവേ നടത്തി അധികൃതർ പ്ലാൻ ഉറപ്പിച്ചു.
നാലു കിലോമീറ്ററിലേറെ വരുന്ന ബൈപാസ് കൃഷിയിടങ്ങളിലൂടെയും നീർത്തടങ്ങളിലൂടെയുമാണെന്നും ഇവിടം മണ്ണിട്ടു നികത്തിയാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും പരാതിയുയർന്നു.
വീതി കുറഞ്ഞ മേൽപ്പാലം എന്ന ആശയം ഉറപ്പിച്ചതോടെ സ്ഥലമെടുപ്പ് നടപടികൾ വേഗമായി. ഇതിനിടെ ബൈപാസിനു വേണ്ടി അന്നത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് വർഗീസിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു.
2012 ഡിസംബർ ആറിന് അങ്ങാടിപ്പുറത്ത് മേൽപ്പാലത്തിനൊപ്പം ഓരാടംപാലം-മാനത്തുമംഗലം ബൈപാസും നിർമിക്കുകയെന്ന വിധിയാണ് ഹൈക്കോടതി നൽകിയത്. എന്നാൽ ബൈപാസ് വർഷങ്ങളായിട്ടും യാഥാർഥ്യമായില്ലെന്ന് മാത്രം.